2012, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

ലണ്ടൻ ഒളിമ്പിക് ഡയറിക്കുറിപ്പുകൾ ...!

ഭാഗം -1

ഒളിമ്പ്യ’നായ’ ഒരു മലയാളി ... !

നായ ഓടീട്ട് എന്താ കാര്യം ... 
നായക്കിരിക്കാൻ നേരമില്ല
എന്നുപറഞ്ഞതുപോലെയാണ് എന്റെ ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങൾ...

കുരുടൻ രാജ്യത്ത്  ഒരു കോങ്കണ്ണൻ
രാജാവെന്ന പോലെ ലണ്ടൻ മലയാള
സാഹിത്യ / സംഘടനാ കൂട്ടായ്മകളും , എല്ലാത്തിലുമുപരി ഇപ്പോഴുള്ള ചാരപ്പണിയുടെ ; പണിതാലും പണിതാലും തീരാത്ത തിരക്കുകളിലും പെട്ട് , വല്ലാതെ പെടാപാട് പെടുകയാണിപ്പോൾ  ഞാനിവിടെ...
തനി ; ലണ്ടനിലെ ഒരു മണ്ടനായി ... !

ഈ കാലഘട്ടത്തിലൊക്കെ ലണ്ടനിൽ വാസമുറപ്പിച്ച
തനി  പ്രവാസികളായ ഞങ്ങളുടെയൊക്കെ  ഒരു പൂച്ച ഭാഗ്യം നോക്കണേ ...

കഴിഞ്ഞകൊല്ലം കണ്ണിനിമ്പമായി നേരിട്ടും , ലൈവായും ലോകത്തിലെ
ഏറ്റവും വലിയ ആഡംബര കല്ല്യാണവും , ഭീകര കലാപമായ ‘ലണ്ടൻ ലൂട്ടറി’
യുമൊക്കെ നേരിട്ടനുഭവിച്ചറിഞ്ഞ ശേഷം ; ഇക്കൊല്ലമിതാ ലണ്ടനിലെ വമ്പൻ ആഘോഷക്കാഴ്ച്ചയായി കൊട്ടിക്കലാശിച്ച രാജ്ഞിയുടെ ഡയമണ്ട് ജൂബിലി സെലിബെറെഷനുകൾക്കും  ശേഷം , ലോകകായിക മാമാങ്കമായ ഒളിമ്പിക്സും , പാരാ ഒളിമ്പ്ക്സുമൊക്കെ ഞങ്ങളുടെ ഉമ്മറത്ത് വന്ന്, ഒരു തിരുക്കണിയായി  കണികാണാൻ അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ്... !

ലണ്ടനിൽ രാജാകല്ല്യാണം വന്നലും, കലാപം വന്നാലും ...
കായിക മാമാങ്കം വന്നാലും ഇരിക്കപ്പൊറുതിയില്ലാത്ത വർഗ്ഗമാണല്ലോ
ഞങ്ങളെപ്പോലെയുള്ള സെക്യൂരിട്ടി വിഭാഗക്കാർ...അല്ലേ


എന്റെയൊക്കെ സ്പൈ വർക്ക്സ് എന്ന്
പറഞ്ഞാൽ ജെയിംസ് ബോണ്ടിന്റെ പോലെയൊന്നുമല്ലാട്ടാ... ,
തനി സി.ഐ.ഡി.മൂസ്സ സ്റ്റൈലിൽ നല്ല ജോളിയുള്ള  ജോലികളാണ് കേട്ടൊ
 ഒരു ചാരക്കൂട്ടം ...! / (വസുദൈവ കുടുബ :  )
ഏത് ജോലിയിലും ശ്ലാഘനീയമായ കസ്റ്റ്മർ സെർവ്വീസ്സ്സും , സമയ
ക്ലിപ്തതയുമൊക്കെ പരിപാലിക്കേണ്ട ഇവിടത്തെ പല പണികളിലും , ഏതെങ്കിലും
തരത്തിൽ കമ്പ്ലേയിന്റ് ആരെങ്കിലും ഉന്നയിച്ചെങ്കിൽ , ആയതിൽ വല്ല വാസ്തവമുണ്ടോ എന്നന്വേഷിച്ച് കണ്ടെത്തുക എന്നുള്ളതൊക്കെയാണ് ഞങ്ങളുടെയൊക്കെ ചില പണികൾ...




ഉദാഹരണത്തിന് ഇവിടത്തെ ഏതെങ്കിലും ഒരു ബസ്സ് കമ്പനിയുടെ ഡ്രൈവറെ കുറിച്ച് ഏതെങ്കിലും യാത്രക്കാർ പരാതി നൽകിയെങ്കിൽ, ആ ബസ്സ് കമ്പനി ചിലപ്പോൾ ഞങ്ങളുടെ ചാരക്കമ്പനിയോട് ആയതിന്റെ നിജസ്ഥിതി മനസ്സിലാക്കി റിപ്പോർട്ട് നൽകാൻ പറയും.
ടി ജോലി എനിക്കാണ് കിട്ടിയെങ്കിൽ ഒന്ന് രണ്ട് തവണ; ടി ഡ്രൈവറുടെ ഡ്യൂട്ടി റൂട്ടിലുള്ള ബസ്സിൽ ...
ഏതെങ്കിലും വ്യത്യസ്ഥ സ്റ്റോപ്പുകളിൽ നിന്നും ; കയറിയിരുന്ന് ലാപ്ടോപ്പ് തുറന്നോ , വായ് നോക്കിയോ , എന്തെങ്കിലും വായിച്ചോ ചുമ്മാ സഞ്ചരിച്ചുകൊണ്ടിരിക്കും , ഒപ്പം ഡ്രൈവറുടെ പെരുമാറ്റങ്ങൾ നിരീക്ഷിച്ച് കൊണ്ട്...!


ഇതേപോലെ വേറൊരു സ്പൈയ്യേയും ;  ഇതേ ഡ്രൈവറെ വാച്ച് ചെയ്യുവാൻ ഞങ്ങളുടെ കമ്പനി വിട്ടിട്ടുണ്ടാകും കേട്ടൊ. ഞങ്ങളുടെ റിപ്പോർട്ടുകൾ രണ്ടും നെഗറ്റീവാണെങ്കിൽ ആ ഡ്രൈവറുടെ പണി എപ്പ്യോ പോയി എന്ന് പറയാനില്ലല്ലോ...!

നാട്ടിലെ പോലെയൊന്നുമല്ല ,ഇവിടെയൊക്കെ സെക്യൂരിറ്റി
വിഭാഗങ്ങൾ , ഒരു തരം എഞ്ചിനീയറിങ്ങ് വിങ്ങാണ് അതെല്ലാം ...
എന്തിന് പറയാൻ ...
 പണ്ട് വീട്ടുകാർ  മോഹിച്ചിട്ട് എന്നെക്കൊണ്ടൊരു
‘ബി.ടെക് ‘ എടുക്കുവാൻ സാധിച്ചിട്ടില്ല ...

എന്നിട്ടിപ്പോൾ ... ഈ വയസ്സാം കാലത്ത് ;
കുടിക്കിണ്യ കള്ളിന്റെ കാശൊക്കെ മാറ്റിവെച്ചിട്ട് ,
പഠിച്ച് പാസ്സായി സെക്യൂരിറ്റിയുടെ ‘ബി.ടെ‘ക്കും കൂടി കൈവന്നതോടെ ,
ഞാനുമിപ്പോൾ  പത്രാസുകൊണ്ട് അർദ്ധരാത്രിയിൽ കുട പിടിച്ചുതുടങ്ങി...!


എന്തുകൊണ്ടെന്നാൽ
ലണ്ടൻ ഒളിമ്പിക്സ് നടക്കാൻ പോകുന്ന
പലവേദികളിളും , മറ്റും... കായികബലത്തേക്കാൾ ഉപരി  ബുദ്ധി
പരമായ ടെക്നിക്കൽ കാര്യങ്ങളാൽ  പൊതുജനത്തിനും, സ്ഥാപന ജംഗമ വസ്തുക്കൾക്കുമൊക്കെ സംരക്ഷണം നൽകുന്ന വിവിധ തരം പരിശീലന കളരികളിൽ ‘ഒരു തനി മലയാളി‘യായി പങ്കെടുക്കുവാൻ സാധിക്കുന്നത് കൊണ്ടാണിത് കേട്ടൊ കൂട്ടരെ .


ഇതിനെയൊക്കെ നായ ചന്തക്ക് പോയ പോലെ എന്ന് പറയാമെങ്കിലും ,
പിന്നീട് ഒരു ഒളിമ്പ്യ’നായ’ ഗമയൊക്കെ കാണിക്കാമല്ലൊ ..അല്ലേ !

മിനി സ്കർട്ടും , ടി ഷർട്ടും സ്ഥിരമായി ധരിച്ചു വരുന്ന
ഒരു മുപ്പതുകാരിയായ ‘കാമില‘യാണെന്റെയൊക്കെ ട്രെയിനർ...!

ഈ കുരയ്ക്കും പട്ടി കടിക്കില്ലെങ്കിലും, ഞങ്ങളെ പോലെയുള്ളവരെ
പരിശീലിപ്പിച്ചെടുക്കുവാനുള്ള ;  ആ പവത്തിന്റെ ബുദ്ധിമുട്ടൊന്നോർത്ത് നോക്കിയേ ...

എന്ത് ചെയ്യാം നമ്മൾ ഒന്നാന്തരം ‘മല്ലൂ‘സ്സല്ലേ ..
നായ കടലിൽ ചെന്നാലും നക്കിയല്ലേ കുടിക്കൂ..എന്ന മാതിരി
ദിനം തോറുമുള്ള അവളോടൊപ്പമുള്ള രാവുകൾ പകലാക്കിക്കൊണ്ടുള്ള ട്രെയിനിങ്ങ് സെക്ഷനുകളിൽ ഏത് പ്രാർത്ഥിക്കാത്തവനും ഒന്ന് പ്രാർത്ഥിച്ച് പോകും...!

"കണികാണും നേരം കാമിലപ്പെണ്ണിന്റെ നിറമേറും
മഞ്ഞ തുണി പൊങ്ങി, അതുകാണും നേരം മുരളി 
ചെക്കന്റെ  ചെറിയൊരു ... ... .., ... ....  ....., ..... ..
..... .... ..... ....... , ... .... ..... ................. ... .... ....... "

ഏതായാലും ഇക്കൊല്ലം ആദ്യം കണ്ട കണിക്ക് ,
ഇരട്ടി ഫലമാണ് കിട്ടിക്കൊണ്ടിരിക്കുന്നത് .....  !

ഏഴുകൊല്ലമ്മുമ്പ്  ‘ഒളിമ്പിക് ബിഡ് ‘ പാരീസിനെ കടത്തിവെട്ടി ,
ലണ്ടന് കൈവന്നതോടെ വെറും ചതുപ്പുനിലമായി കിടന്നിരുന്ന ഈസ്റ്റ്
ലണ്ടനിലെ ‘സ്റ്റാറ്റ്ഫോർഡി‘ലെ ‘ലിയാ‘യെന്ന കൊച്ചു നദീതീരത്ത് ആധുനിക
സെക്യൂരിറ്റി സവിധാനങ്ങളടക്കം , പുതുപുത്തൻ കായിക വേദികളുമായിട്ടാണ് ....
ചടുപിടുന്നനെയിവിടെയിവർ അതിമനോഹര കാഴ്ച്ചവട്ടങ്ങളുമായി ‘ഒളിമ്പിക് പാർക്ക്’ പണിതുയർത്തിയത് ...!

ഭൂലോകത്തിലെ വിനോദസഞ്ചാര ഭൂപടത്തിൽ തലയുയർത്തിപ്പിടിച്ച്
നിൽക്കുന്ന  ബ്രിട്ടൻ എന്ന സുന്ദരിയുടെ തിരുനെറ്റിയിൽ അഴകുള്ള ഒരു തിലകക്കുറി
പോലെ ഇനി ഈ ഒളിമ്പിക്സ് വേദികളും ഉണ്ടാകുമെന്നതിനാൽ ,ആയതിന്റെയൊക്കെ
പകിട്ടും വർണ്ണപ്പൊലിമയും വാരിപ്പൂശി പുതുതായും , നവീകരിച്ചും ഇപ്പോൾ ഈ കായിക
മാമാങ്കം അരങ്ങേറുന്ന പതിനഞ്ചു വേദികളും സജ്ജമായിരിക്കുകയാണ് ...

മൂന്നായി തരം തിരിച്ച ഒളിമ്പിക്സ് സോൺ , റിവർ സോൺ ,
സെന്റർ സോൺ എന്നീയോരോ സോണിലും കായികതാരങ്ങൾക്കും ,
കാണികൾക്കുമൊക്കെ ആഹ്ലാദവും , ഉന്മേഷവുമുണ്ടാക്കുന്ന എല്ലാ എടവാടുകളും തീർത്തുവെച്ചിരിക്കുന്ന അനുഭൂതികളുടെ ഉറവിടങ്ങളായി മറിയിരിക്കുകയാണിവിടമിപ്പോൾ ... !


‘ഒളിമ്പിക്സ് സോണെ‘ന്ന് വിളിക്കുന്ന ഈ കായിക സമുച്ചയങ്ങളടക്കം ...
 മൂന്ന് സോണുകളായി വിഭജിച്ചിട്ടുള്ള , ലണ്ടനിലെ 15 വേദികളിൽ അരങ്ങേറാൻ
പോകുന്ന ‘‘ഒളിമ്പിക്സ് 2012‘  ന് (ഫോട്ടോകളടക്കം സകലമാന ഒളിമ്പിക്സ് കാര്യങ്ങളുമറിയാവുന്ന ‘വെബ്-സൈറ്റ്’)
മുന്നോടിയായിട്ട്  ;  മൂന്നുമാസം മുമ്പാരംഭിച്ച പല പല  കായിക പരിശീലന കളരികളാലും , മത്സരങ്ങളാലും അതോടൊപ്പം സുരക്ഷാസന്നാഹങ്ങളാലും മറ്റും , എല്ലാതരത്തിലും ഈ വേദികൾ രാപ്പകലില്ലാതെ ഉണർന്നിരിക്കുക തന്നെയാണിപ്പോഴും..!

പക്ഷേ ആഹോരാത്രം ഈ വേദികളെയൊക്കെ അണിയിച്ചൊരുക്കി , സൂക്ഷ്മ സുരക്ഷാസന്നാഹങ്ങളുമായി ഇതിന്റെയൊക്കെ പിന്നണിയിലും, മുന്നണിയിലും അണി നിരക്കുന്ന ഞങ്ങൾക്കാർക്കും തന്നെ , ഇത്തരം ജോലിസംബന്ധമായ യാതൊരുവിധ കാര്യങ്ങളും, ചിത്രങ്ങളുമൊന്നും , അവരവരുടേയോ , മിത്രങ്ങളുടേയോ  സോഷ്യൽ-നെറ്റ്-വർക്ക് സൈറ്റുകളിൽ പോസ്റ്റ് ചെയ്യാൻ പാടില്ല എന്നതാണ്... !
എല്ലാം കടുത്ത സുരക്ഷയുടെ ഭാഗമായിട്ടാണ് കേട്ടൊ.

വേദികളിലെ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള ലൊട്ട് ലൊടുക്ക് സാധന  സാമാഗ്രികളിൽ വരെ കയ്യും കാലുമൊക്കെയിട്ട് തപ്പി നോക്കിയിട്ടും , അകത്തും  പുറത്തുമുള്ള സൂചി മുതൽ സൂപ്പർ ഫാസ്റ്റ് വരെ പോകുന്ന പഴുതുകളിലും മറ്റും ഒളിക്കണ്ണുമായും, ക്യാമറാക്കണ്ണുമായി ഞങ്ങളൊക്കെയിവിടെ കുറെ നാളുകളായി സുഷുപ്തി പോലുമില്ലാതെ അതീവ ജാഗ്രതയിലാണ്...

ഒപ്പം തന്നെ ഒളിമ്പിക്സിന്റെ മുന്നോടിയായിട്ടിപ്പോൾ സേവന സന്നദ്ധരായി ബ്രിട്ടൻ പട്ടാളത്തിലെ വൊളന്റിയേർസ് ഈ വേദികളുടെയെല്ലാം പ്രഥമ കവാടങ്ങളുടെയെല്ലാം സുരക്ഷയുടെ ദൌത്യം സ്വയം ഏറ്റെടുത്തും , മറ്റും  ; ഏവർക്കും സുരക്ഷയും , സമാധാനവും ഉറപ്പുവരുത്തി ... ഇത്തവണത്തെ ഈ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം ഉന്നത വിജയത്തിലേയ്ക്കെത്തിക്കുന്നതിന് വേണ്ടി രംഗത്തെത്തിയിട്ടുണ്ട് ...!

എന്നാൽ പിന്നെ അങ്ങിനെയാകട്ടേ...

നിങ്ങളോരുത്തരേയും ലണ്ടൻ ഒളിമ്പിക്സിലേക്ക്
വരവേൽ‌പ്പ് നൽകി ഹാർദ്ദമായ  സ്വഗതം ചെയ്തുകൊണ്ട്
വീണ്ടും സന്തിപ്പും വരേക്കും വണക്കം ...!



ഭാഗം :- രണ്ട് 


വെറും ഒളിമ്പിക്സ് ഓളങ്ങൾ ...

ഇതുവരെയുള്ള ഒളിമ്പിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ
മലയാളികൾ നേരിട്ടും അല്ലാതേയും പങ്കെടുത്ത ഒരു കായിക
മാമങ്കമെന്ന് ‘2012 ലണ്ടൻ ഒളിമ്പിക്സിനെ‘  വിശേഷിപ്പിക്കാം...!


ബാഡ്മിന്റ്ണിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന
രാജീവ് ഔസേപ്പ് തൊട്ട് ഇന്ത്യൻ താരനിരയിലെ ടിന്റു ലൂക്കാ , രജ്ഞിത്ത് , ഡിജു , മയൂഖാ ജോണിഇർഫാൻ കൊളുത്തുംതുടി വരെയുള്ളവർ കായികതാരങ്ങളായും ...
( അക്രിഡിയേഷൻ പാസ് ഇതുപോലെ കൊടുത്തവർക്ക് മാത്രമേ ഒളിമ്പിക്സ് പാർക്കിലേക്ക് പ്രവേശനം അനുവദിക്കൂ  / ഏത് രാജക്കാർ , എത്രപേർ , എന്തിന് വന്നു,.., ...അങ്ങിനെ സകല കുണ്ടാമണ്ടി വരെ , ഒരാൾ അതിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ ‘സെക്യൂരിട്ടി‘ വിഭാഗകാർക്കറിയാം കേട്ടൊ )

പിന്നീടവരുടെ കോച്ചുമാരും , നമ്മുടെ കായിക മന്ത്രിയും പരിവാരങ്ങളും  ; ഇമ്മിണി കാശ് മുടക്കി ടിക്കറ്റെടുത്ത് ലണ്ടനിലെത്തുന്ന മലയാള സിനിമയിലെ മെഗാസ്റ്റാറുകളും , പണ്ടത്തെ കേരളത്തിന്റെ ഒളിമ്പിക് സൂപ്പർ കായിക താരങ്ങളുമടക്കം  ഏതാണ്ട് അഞ്ഞൂറോളം വി.ഐ.പി / ഗ്ലോബൽ മലയാളികളേയും കൂടാതെ ...

ലണ്ടനിലെ പല ഒളിമ്പിക് വേദികളിലും മറ്റും വൊളന്റിയേർസായും ,
കലാകാരന്മാരായും ( ഒളിമ്പിക്സ് /പാര ഓളിമ്പിക്സ് ഓപ്പണിങ്ങ് / ക്ലോസിങ്ങ് സെർമണികളിലെ ), ക്ലീനിങ്ങ് / കാറ്ററിങ്ങ് / സെക്യൂരിറ്റി / മാനേജ്മെന്റ് തുടങ്ങിയവയിലെ ജോലിക്കാരായും ഏതാണ്ട് രണ്ടായിരത്തിലധികം മല്ലൂസ്സാണ് ഇത്തവണത്തെ ഈ കളിക്കളത്തിനകത്തും പുറത്തുമായി അവരുടെയൊക്കെ സാനിദ്ധ്യം അറിയിച്ച് അണിനിരന്നുകൊണ്ടിരിക്കുന്നത് ..!


ഏഴുകൊല്ലം മുമ്പ് ഒളിമ്പിക്
ബിഡ് ലണ്ടനിൽ കിട്ടിയതിനുശേഷം ...
ഈസ്റ്റ് ലണ്ടനിലെ കേരളം എന്നറിയപ്പെടുന്ന
‘ന്യൂ ഹാം ബോറോ’ (Newham )വിലെ സ്റ്റാറ്റ്ഫോർഡിൽ
ഒളിമ്പിക്സ് വേദികൾ പണിതുയർത്താമെന്ന് ലണ്ടൻ ഒളിമ്പിക്സ് ഓർഗനൈസിങ്ങ് കമ്മറ്റി തീരുമാനിച്ചതോടെ ഈസ്റ്റ് ലണ്ടനിൽ വീടും, കുടിയുമായി താമസിച്ചുകൊണ്ടിരിക്കുന്ന ‘ അര ലക്ഷത്തോളം‘  പ്രവാസി മലയാളികൾക്ക് അവരുടെ ജാതകങ്ങളിൽ ഒളിമ്പിക്സ് നേരിട്ട് ആസ്വദിക്കാമെന്നുള്ള നേട്ടമാണ് കൈ വന്നത് ...!

ഇവിടെ ‘ബോൺ & ബോട്ട് അപ്പ്’ആയ യൂ.കെ.മലായാളികളായ , മല്ലൂസ്സിന്റെ മൂന്നാം തലമുറയടക്കം , വിദ്യാഭ്യാസത്തിനും , മറ്റു ജോലിസംബന്ധമായും ലണ്ടനിലെത്തുന്ന കേരളീയ ബന്ധമുള്ളവരൊക്കെ, ആദ്യമായി ഈ ബിലാത്തി പട്ടണത്തിൽ ചേക്കേറുന്ന സ്ഥലമാണ് നമ്മുടെ നാട്ടിലെയൊക്കെ ...
ചക്കക്കുരു മുതൽ മുസ്ലി പവ്വർ വരെ എന്ത് ലൊട്ട് ലൊടുക്ക് പല "ചരക്കു’ സാധനങ്ങളടക്കം ,  ഏറ്റവും ചീപ്പായി കിട്ടിക്കൊണ്ടിരിക്കുന്ന ഈ  ഈസ്റ്റ് ലണ്ടനിലെ ഓരൊ ചെറിയ ടൌണുകളും ...!

ജാതി മത ഭേദങ്ങളോടെ എല്ലാ തരത്തിലുമുള്ള മലയാളി സമാജങ്ങളും , മലായാളീസ്  നടത്തിക്കൊണ്ടിരിക്കുന്ന തട്ടുകടകൾ മുതൽ പബ്ബ് റെസ്റ്റോറന്റുകളടക്കം , സിനമാതീയ്യറ്റർ കോമ്പ്ലക്സ് വരെ അനേകം ബിസിനസ്സ് സ്ഥാപനങ്ങളാൽ തിങ്ങിനിറഞ്ഞ ഒരു കൊച്ചു  ‘യൂ.കെ.കേരളം‘...!

അതാണ് ഈസ്റ്റ് ലണ്ടനിലെ
ഒരു ബോറോയായ (കോർപ്പറേഷൻ) ന്യൂ ഹാം..!

മലയാള ഭാഷ പോലും ഇവിടത്തെ
ഒഫീഷ്യൽ ഭാഷാഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്...
എന്തിന് പറയാൻ ഈസ്റ്റ് ഹാം പബ്ലിക് ലൈബ്രയിൽ
മലയാളം പുസ്തകങ്ങൾക്കുപോലും പ്രത്യേക ഒരു വിഭാഗമുണ്ട് ..!

മുൻ അംബാസിഡറായിരുന്ന ഡോ: ഓമന ഗംഗാധരൻ , ജോസ് അലക്സാണ്ടർ മുതൽ പേർ ഇവിടത്തെ ഭരണം കയ്യാളുന്ന കൌൺസിലർമാരായതിനാൽ അവരൊക്കെ ഓട്ടൊമാറ്റിക്കായി ഒളിമ്പിക്കിന്റെ ആഥിതേയ കമ്മറ്റിയിൽ വരും...

അതുകൊണ്ടെല്ലാം മലയാള സമൂഹത്തിന്റെ തട്ടകത്തുള്ള , ഈസ്റ്റ് ലണ്ടനിലെ സ്റ്റാറ്റ് ഫോർഡിലെ ഒളിമ്പിക് പാർക്കിൽ , അന്നുമുതൽ ഇപ്പോൾ ഇന്ന് വരെ മല്ലൂസ്സിന്റെ നിറസാനിദ്ധ്യങ്ങൾ എല്ലാ രംഗത്തും എപ്പോഴും കാണാം...!


ഈസ്റ്റ് ലണ്ടനിൽ ഉണ്ടാക്കിയത് വെറും ഒളിമ്പിക് കളിസ്ഥലങ്ങളല്ല ..കേട്ടൊ
 250 ഏക്കറിൽ ഒരു ഒളിമ്പിക് പാർക്ക് തന്നെയാണ് ഇവർ പുതുതായി ഉണ്ടാക്കിവെച്ചത്...

 ഫല മരച്ചെടികളും , പൂങ്കാവനങ്ങളും ,
പൂന്തോട്ടങ്ങളുമൊക്കെ ഇടവിട്ടുള്ള സ്ഥലങ്ങളിൽ
കുന്നും, മലയും, പുഴയുമൊക്കെ തൊട്ട് തലോടി എല്ലാതരം
ആത്യാധുനിക കളിക്കളങ്ങളുമുള്ള ഒരു ഹരിത കോമളമായ കായിക ഗ്രാമമാണ് ബിലാത്തിപട്ടണത്തിനുള്ളിൽ , ലണ്ടനിലെ പുതിയൊരു അടുത്ത ‘ടൂറിസ്റ്റ് അട്രാക് ഷനായി‘
ഇവർ നിർമ്മിച്ചു വെച്ചിട്ടുള്ളത്..!

ഈ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള സിനിമാ സ്ക്രീനിനേക്കാളുമൊക്കെ വിസ്തീർണമുള്ള
‘ബിഗ് സ്ക്രീൻ’ വഴി  ആയിരക്കണക്കിനാളുകൾക്ക് അവിടെയിരുന്നും കിടന്നുമൊക്കെ ലൈവായി എന്തുപരിപാടിയും ‘ത്രീഡി-ഡിജിറ്റൽ ‘സവിശേഷതകളോടെ വീക്ഷിക്കാമെന്നതും ഇവിടത്തെ ഒരു പ്രത്യേകത തന്നെയാണ്...

ലണ്ടനിലെ ലോകപ്പെരുമയുള്ള ‘ഹൈഡ് പാർക്ക് ‘ , ‘ഗ്രീൻ പാർക്ക്’,
ബാറ്റർസ്സീ പാർക്ക്’,..,.., എന്നീ പാർക്കുകൾക്ക് ശേഷം ഇതാ ഒരു ‘ഒളിമ്പിക് പാർക്ക് കൂടി...!

ഞങ്ങളുടെയൊക്കെ വാസസ്ഥലമായ ന്യൂഹാമിലെ ഒരു ടൌണായ
ഈസ്റ്റ് ഹാമിൽൽ പോലും ‘സെന്റർ പാർക്ക്’ , ‘പ്ലാഷറ്റ് പാർക്ക്’ , ‘ബാർക്കിങ്ങ് പാർക്ക്’
എന്നീ അസ്സൽ പാർക്കുകളുള്ളതു പൊലെ ...
ബിലാത്തിയിൽ പാ‍ർക്കുകളില്ലാത്ത പാർപ്പിട സ്ഥലങ്ങളില്ലാ എന്ന് വേണമെങ്കിൽ പറയാം...

ഈ പാർക്കുകളിൽ സായിപ്പിനൊക്കെ
ആരെങ്കിലും  കൈവിഷം കൊടുത്തിട്ടുണ്ടോ ആവോ അല്ലേ...

ഒരു കാര്യം ഉറപ്പാണ് പാർക്കുകളിലെത്തിയാൽ ഇവിടത്തുകാർക്കൊക്കെ
അവിടങ്ങളിലൊക്കെ അവരുടെയൊക്കെ ബെഡ് റൂമുകളാണെന്ന്  തോന്നിപ്പോകും..!

അതുകൊണ്ടാണല്ലോ എന്നെപ്പോലെയുള്ളവർക്കൊക്കെ
ഈ പാർക്കുകളിലെത്തിയാൽ പീസുപടം കളിച്ചിരുന്ന പണ്ടത്തെ
‘ഗിരിജ’യിലും മറ്റും എത്തിയപോലെയാണ് തോന്നുക..

അന്നൊക്കെ അതെല്ലാം വെറും തുണ്ട് പീസുകളായിരുന്നുവെങ്കിൽ
ഇവിടെയിന്നതൊക്കെ തനി ഒറിജിനൽ ലൈവാണെന്ന് മാത്രം ...!

ഈ ഒളിമ്പിക് പാർക്കുണ്ടാക്കുന്നതിന് മുന്നോടിയായി ...
ഭാവിയിൽ രാജ്യത്തിന്റെ മിനിമം , ഒരു നൂറുകൊല്ലത്തിന്റെ ‘ഡെവലപ്മെന്റ്’ വിഭാവന ചെയ്താണിവർ ഇതിന്റെ പ്ലാനുകൾ തയ്യാറക്കിയിരുന്നത്...

അതായത്  ഒളിമ്പിക്സിന് ശേഷം
ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമായിട്ടല്ല ...
അടുത്ത കൊല്ലം മുതൽ ക്യൂൻ വിക്റ്റോറിയ പാർക്കെന്നറിയപ്പെടുന്ന
ഈ കായിക-പൂങ്കാവന വേദിയിൽ ഭാവിയിൽ  ഒരു അന്തർദ്ദേശീയ കായിക-പരിശീലന
അക്കാദമി ഉണ്ടാക്കിയിട്ട് ...

ലോകത്തുള്ള സകലമാന കായിക കേളികളിലും ...
 ഇവിടെ പരിശീലിപ്പിക്കപ്പെടുന്ന കായിക പ്രതിഭകൾക്കെല്ലാം
ഒളിമ്പിക് മുതൽ വേദികളിലെല്ലാം പങ്കെടുത്ത് മെഡലുകൾ പ്രാപ്തമാക്കാവുന്ന
നിലയിലേക്ക് അവരെയെല്ലാം ‘ടാലെന്റടാ’ക്കുക എന്ന ലക്ഷ്യത്തൊടെയുള്ള ഒരു
‘ഇന്റർനാഷനൽ സ്പോർസ് സ്കൂൾ’ സ്ഥാപിക്കുക എന്നതാണത് ഇവരുടെ മുഖ്യമായ ലക്ഷ്യം ...!

ഇന്നും ഇവർ കാത്ത് സൂക്ഷിക്കുന്ന വിദ്യാഭ്യാസ രംഗത്തെ
City & Guild , F.R.C.S , M.B.A , M.R.C.P , NOCN , കേംബ്രിഡ്ജ് ,
ഓക്സ്ഫോർഡ്,..,...,...  ഡിഗ്രികൾ പോലെ , ഇനിയൊരു  യൂ.കെ. സ്പോർട്ട്സ് ഡിഗ്രിയും കൂടി..!

കേരളത്തിന്റെ ഒരു ജില്ലയിലെയത്ര ജനസംഖ്യയുള്ള
രാജ്യങ്ങൾ പോലും ഒളിമ്പിക് സ്വർണ്ണമെഡലുകളും മറ്റും വരിക്കൂട്ടുമ്പോൾ ...
ആയതിന്റെയൊക്കെ ഇരട്ടിക്കിരട്ടിക്കിരട്ടി ജനസാന്ദ്രതയുള്ള
ഇന്ത്യയിലെ  വെറും ചക്കമെഡലുമായി കഴിയുന്ന കായിക താരങ്ങളുടെ ...
അടുത്ത ഭാവിയുലുള്ളവർക്കെങ്കിലും , ഒപ്പം  കാശും പ്രതിഭയുമുണ്ടെങ്കിൽ ഇനി
ലണ്ടനിൽ വന്ന് പഠിച്ചും , പരിശീലിച്ചും ,  ഒളിമ്പിക്സടക്കം പല അന്തർദ്ദേശീയ കായിക മാമാങ്കങ്ങലിലും  മെഡലുകൾ വാരിക്കൂട്ടാമല്ലോ... അല്ലേ.

അപ്പോൾ ആഗോളരാജ്യങ്ങളിലെ
പലകായിക താരങ്ങൾക്കുമാത്രമല്ല ഗുണം ...കേട്ടൊ
അവരെ ഇവിടെ സ്പോൺസർ ചെയ്തയക്കുന്ന രാജ്യത്തിനും കിട്ടുമല്ലോ അല്ലേ ബഹുമതി ...!

എങ്ങിനെയുണ്ട് സായിപ്പിന്റെ ബുദ്ധി...!

അത് മുങ്കൂട്ടി കണ്ട് നടപ്പാകാനുള്ള വൈഭവം ...!!


എഴുപത് ദിവസം മുമ്പ് ഒളിമ്പിക് ദീപശിഖ യൂ.കെയിൽ പ്രവേശിച്ചതോട് കൂടി തുടങ്ങിയതാണ് ഇവിടെ നാടൊട്ടുക്കുമുള്ള ഒളിമ്പിക്സ് ആഘോഷത്തിന്റെ ഉത്സവാരവങ്ങൾ...!

ബ്രിട്ടനിലെ ഓരൊ തെരുവുകളിൽ കൂടിയും
ഈ ദീപശിഖാ പ്രയാണവേളയിൽ അതാതിടങ്ങളിലെ വെറ്റേറിയൻസിനേയും, മാരകരോഗത്താൽ മരണം മുന്നിലകപ്പെട്ടവരേയും, വികലാംഗരേയുമൊക്കെ ഒളിമ്പിക് ടോർച്ചേന്താൻ സഹകരിപ്പിച്ച് കരയിലൂടേയും, ജലത്തിലൂടേയും, ആകാശത്തുകൂടേയും മറ്റും എല്ലാ സാങ്കേതികവിദ്യകളും, ആധുനിക ടെക്നോളജിയും അണിനിരത്തിയുള്ള ഒരു സ്പെഷ്യൽ കാഴ്ച്ചവട്ടങ്ങളുമായുള്ള ഒരു ഒളിമ്പിക് ദീപശിഖാപ്രയാണമാണ് ബ്രിട്ടനിൽ ഇത്തവണ അരങ്ങേറിയത് കേട്ടൊ.


ഒപ്പം പല സിറ്റികളിലും ലോകത്തിലെ പല സെലിബ്രിറ്റികളേയും ക്ഷണിച്ചുവരുത്തി ദീപം കൊടുത്ത് ഓടിപ്പിച്ചതും,  പല വിഭാഗങ്ങളുടേയും പ്രശംസക്ക് പാത്രമാകുവാൻ ബ്രിട്ടനിടം നൽകി ...!

ലണ്ടനിലേക്ക് ഈ ദീപശിഖാപ്രയാണം എത്തിയതോടെ ഇവിടെയുള്ള ലോകത്തിലെ ഓരോ പ്രവാസീസമൂഹവും, അവരവരുടെ ഇടങ്ങളിൽ , തങ്ങളുടെ സാംസ്കാരിക തനിമകളോട് കൂടി ആയതിനെ വരവേറ്റാണ് ഒളിമ്പിക് ദീപ പ്രയാണത്തെ അനുധാവനം ചെയ്തുകൊണ്ടിരുന്നത് ...!

 
ലോകത്തെ മുഴുവനും ബിലാത്തിപട്ടണത്തിൽ കൂടി ദർശിക്കമെന്നുള്ള ഒരു സുവർണ്ണാവസരമാണ് ആ സമയങ്ങളിൽ ഇവിടത്തുകാർക്ക് കൈ വന്നത് ...!

നമ്മൾ മലയാളികൾ നമ്മുടെ ട്രെഡീഷണൽ വേഷസവിധാനങ്ങളിൽ അണിനിരന്ന്...
മുത്തുക്കുടയും , ചെണ്ടമേളവുമൊക്കെയായാണ് ഈ പ്രയാണത്തെ വരവേറ്റതും പിന്നീട് ആയതിനെ പിന്തുടർന്നതും...!

കൂടാതെ ഇവിടത്തെ എല്ലാ മലയാളി സമാജങ്ങളും
ഒത്തൊരുമിച്ച് കഴിഞ്ഞ ജൂലായ് 15-ന് വർണ്ണശബളമായ
ഒരു ‘ഒളിമ്പിക് മേളയും, ‘ അതിന് മുമ്പ് ‘കേരളീയം’ എന്നൊരു പരിപാടിയും നടത്തി ലണ്ടനീയരുടെ കൈയ്യടിയും ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നൂ...!

ഇനി ഒളിമ്പിക്സ് സമയത്ത് മലയാളി കച്ചവട സമൂഹം , തെയിംസ് നദീതീരത്ത് ലണ്ടനിൽ , രണ്ടുദിവസത്തെ ഒരു മലയാളത്തനിമയുള്ള ‘സംസ്കാരിക ഒളിമ്പിക് മേള’ കൂടി സംഘടിപ്പിക്കുന്നുണ്ട്..!

ബൂലോഗത്തുനിന്നുമാത്രമല്ലാ.. സ്വന്തം വീട്ടിൽ നിന്നുപോലും ലീവെടുത്ത്
ഒളിമ്പിക് പാർക്കിലും , ഒളിമ്പിക് വില്ലേജിലുമൊക്കെയായി വണ്ടറടിച്ച്, വാൻഡറായി
നടക്കുകയാണ് ഞാനിപ്പോൾ...!

 പോരാത്തതിന് ഒളിമ്പിക് വളണ്ടിയറാകുവാൻ വേണ്ടി ലീവെടുത്ത് എഡിംബറോവിൽ നിന്നെത്തിയ ഒരു സ്കോട്ടിഷുകാരിയായ 'കാതറിൻ' എന്നൊരു വീട്ടമ്മയെ എനിക്ക് നല്ലൊരു കൂട്ടുകാരിയായും കിട്ടിയിട്ടുണ്ട്...

 ഡ്യൂട്ടിയെല്ലാം കഴിഞ്ഞാൽ  ഒളിമ്പിക് ദീപം വലം വെച്ച് രാത്രിയുടെ അന്ത്യയാമങ്ങളിലും മറ്റും നിലാവത്തഴിച്ചുവിട്ട കോഴികളെ പോലെ , അവളോടൊന്നിച്ച് ഒളിമ്പിക്സ് ഉത്സവതിമർപ്പുകൾ കണ്ട് ഈ പാർക്കിൽ അലഞ്ഞുനടക്കുന്നതും ഒരു ആഹ്ലാദം തന്നെയാണ്  ...കേട്ടൊ

“കാതറിൻ പെണ്ണിന്റെ കൈയ്യുപിടിച്ചു ഞാൻ ദീപം വലം വെച്ച നേരം
ഇത്തിരിയിക്കിളിയാക്കിതോർത്തവൾ പിന്നെ വിളിച്ചെന്നെ കള്ളാ ... ! ‘


കവി വചനങ്ങൾ എല്ലാ രാജ്യത്തും സത്യം തന്നെ... !

അതെ കക്കാതേ കവരാതെ എന്നെപ്പോലെയുള്ള
കൊച്ചുകള്ളമാരും ഇതുപോലെ ജീവിച്ചുപോകുന്നൂ ...!



സംഭവം ഒളിമ്പിക്സ് ഓർഗനൈസിങ്ങ് ടീമിലൊക്കെ പെട്ട ഒരാളായെങ്കിലും...
പണ്ടത്തെ ബോബനും മോളിയിലേയുമൊക്കെ നായ
കുട്ടിയെപ്പോലെ  അത് ഒരു ഈച്ച റോളാണെങ്കിലും  ...
ലോകത്തിന്റെ എല്ലാരാജ്യങ്ങളിൽ നിന്നുമൊക്കെ ഈ മാമങ്കത്തിനെത്തുന്നവരുടെ മുമ്പിൽ നല്ലയൊരു ആഥിതേയനായി സുസ്മേരവദനനായി നിൽക്കുമ്പോഴുള്ള  ആ സുഖവും , സന്തോഷവും  ഒന്ന് വേറെ തന്നെയാണ് കേട്ടൊ കൂട്ടരെ...!

എന്റെ കെട്ട്യോളോടും
കുട്ട്യോളൊടുമൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് ..
“ഈ ഒളിമ്പ്ക്സീന്ന് കിട്ടുന്നതൊക്കെ ഈ
ഒളിമ്പിക്സിലന്നെ ഒഴുക്കി കളയുമെന്ന്..!‘

ഇതുപോലൊരു ‘ഇന്റർനാഷ്നൽ ഇവന്റി‘ൽ
ഇനി എനിക്കൊന്നും പങ്കെടുക്കുവാൻ പറ്റില്ലല്ലോ...
തീർച്ചയായും ഇല്ല ...
ആയതുകൊണ്ട് ഇപ്പൊൾ കിട്ടുന്നതൊക്കെ മെച്ചം..
ഇനി കിട്ടാനുള്ളത് അതിലും  വലിയ മെച്ചം....അല്ലേ കൂട്ടരേ



ഭാഗം 3

ഒരിക്കലും ഒളിമങ്ങാ‍ത്ത ഒരു ഒളിമ്പിക് ഓപ്പണിങ്ങ് സെർമണി’ ... ! 

കണ്ണഞ്ചിപ്പിക്കുന്ന വിവിധതരം
വിസ്മയക്കാഴ്ച്ചകൾ ...!
കാതിനും മനസ്സിനും വിരുന്നേകിയ
സംഗീത-നൃത്ത  ദൃശ്യ വിരുന്നുകൾ ...!
കാലങ്ങളോളം മനസ്സിന്റെ ഓർമ്മച്ചെപ്പിൽ നിന്നും
ഒരിക്കലും ഒളിമങ്ങാത്ത ലണ്ടൻ ഒളിമ്പിക്സിന്റെ ഉൽഘാടനചടങ്ങുകളെ കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത്...

ഒന്നിനോടൊന്ന് മികച്ച വിധം ഓരൊ നാലുകൊല്ലം കൂടുമ്പോഴും അത്രക്കു പ്രൌഡഘംഭീരമായിട്ടാണല്ലോ ഓരോരൊ ആതിഥേയ രാജ്യങ്ങളും ഇതുവരെയുള്ള
എല്ലാ സമ്മർ ഒളിമ്പിക്സ് ഓപ്പണിങ്ങ് സെർമണികളും അവതരിപ്പിച്ച്  ലോകത്തിന്റെ കൈയ്യടി നേടാറുള്ളത് ..അല്ലേ.

തൊണ്ണൂറുകളിലെ  ഒരു വമ്പൻ  മായക്കാഴ്ച്ചയായി  മാറിയ
‘ബാർസലോണ‘യിലേയും, ‘അന്റ്ലാന്റയിലേ’യും ഒളിമ്പിക്സ് ഓപ്പണിങ്ങ്
സെർമണികളും , 2000 - ത്തിലെ‘സിഡ്നി‘യിലെ സാങ്കേതികമികവിനാലും , അവതരണത്താലും  മികച്ചുനിന്ന  ആസ്ത്രേലിയൻ വീര്യവും , ഇതിന്റെയത്രയൊന്നുമത്ര പകിട്ടില്ലാതിരിന്ന ഗ്രീസുകാരുടെ 2004-‘ഏതൻസി’ലേയും മറ്റും ഒളിമ്പിക് ഉൽഘാടന  ചടങ്ങുകൾ നമ്മൾ വീക്ഷിച്ചു കഴിഞ്ഞതാണല്ലോ...

പിന്നീട് അച്ചടക്കാത്താലും , ആളെണ്ണത്താലും ,
വർണ്ണ ഭംഗികളാലും മെയ്‌വഴക്കത്താൽ പങ്കെടുത്ത ഓരൊ കലാകാരന്മാരും ...
പ്രേക്ഷകരെയെല്ലാം വിസ്മയത്താൽ ലയിപ്പിച്ച 2008 ലെ
‘ബെയിജിങ്ങ് ‘ഒളിമ്പിക്സിലൂടെ ചീനക്കാർക്കും  ശേഷമിതാ ബ്രിട്ടീഷുകാർ ...
‘ദി ബെസ്റ്റ്’ എന്ന് ലോകം മുഴുവൻ വാഴ്ത്തിയ ഒരു ഏറ്റവും നല്ല ഒളിമ്പിക്
ഓപ്പണിങ്ങ് സെർമണി നടത്തി ഒളിമ്പ്ക് ചരിത്രത്തിൽ ഒരു ഉന്നത സ്ഥാനം നേടിയിരിക്കുകയാണല്ലോ...!
ഓസ്കാർ അവാർഡ് ജേതാവ് ഡാനി ബോയലും(Danny Boyle ) കൂട്ടരും കൂടി ഒരിക്കലും ഒളിമങ്ങാത്ത ഒരു ഒളിമ്പിക് ഓപ്പണിങ്ങ് സെർമണിയാണ്ഇത്തവണ ഈ ബിലാത്തിപട്ടണത്തിൽ അവതരിപ്പിച്ചത്...!

ഒരു ഹോളിവുഡ് മൂവി കാണുന്ന കണക്കേ അത്യതികം
അത്ഭുതത്തോടെ , അധിലധികം ആവേശത്തോടെയാണല്ലോ
ഭൂലോകാത്തിലെ വിവിധഭാഗങ്ങളിലിരുന്ന് നൂറുകോടിയിലധികം ജനങ്ങൾ
ഈ കായികമാമാങ്കോൽഘാടനം തത്സമയം വീക്ഷിച്ചുകൊണ്ടിരുന്നത്...

ഭൂലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങങ്ങളിലേയും ഒട്ടുമിക്ക
രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ള , ഭൂമിയിലിതുവരെയുണ്ടായിട്ടുള്ള
എല്ലാതരം ആഡംബര വാഹനങ്ങളിലും സഞ്ചരിച്ചിട്ടുള്ള , അറുപത്
കൊല്ലത്തിലേറെയായി സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ കിരീടമണിഞ്ഞു
കൊണ്ടിരിക്കുന്ന മഹാറാണി , ലോകത്തിലെ നമ്പർ വൺ ചാരനായ ജെയിംസ്
ബോണ്ടിന്റെ , ഒരു പുതിയ ‘ബോണ്ട് ഗേളായി’ /വീഡിയോ )പ്രത്യക്ഷപ്പെട്ട്, ഹെലികോപ്പ്റ്ററിൽനിന്നും പാര്യച്ചൂട്ടിൽ ഒളിമ്പിക് പാർക്കിൽ ചാടിയിറങ്ങിവന്ന് ...
‘ലണ്ടൻ ടൊന്റി ട്വിവൽവ്’ എന്ന് അറിയപ്പെടുന്ന ഇത്തവണത്തെ
ലോകകായിക മാമാങ്കമായ ഒളിമ്പിക്സിന്റെ ഉൽഘാടനം നിർവ്വഹിച്ചത്...!

ഇനി ലോകത്തിലെ ഏത് രാജ്ഞിക്കും , രാജാവിനും ഭേദിക്കാൻ
പറ്റാത്തൊരു  ‘വേൾഡ് റെക്കോർഡ് ‘ തന്നെയാണിത് കേട്ടൊ കൂട്ടരെ.
കലാ-കായിക രംഗത്തുള്ള അഖില-ലോക ‘സെലിബിറിറ്റികളായ
ജെയിംസ് ബോണ്ട് (Daniel Craig ) , മിസ്റ്റർ.ബീൻ / വീഡിയോ)(Rowan Atkinson ) ,
ബ്രൂണെൽ (Kenneth Branagh ) , മുഹമ്മദാലി, ഡേവിഡ് ബെക്കാം ,...,..., ...
അങ്ങിനെ നിരവധി പ്രതിഭകളെ കൂടാതെ , ലോക സംഗീത ലോകത്തെ പല
പല ഉസ്താദുകളും നേരിട്ട് വന്ന് ഈ ഒളിമ്പിക് ഓപ്പണിങ്ങ്  സെർമണിയുടെ വേദികൾ കയ്യടക്കിയപ്പോൾ കാണികളും , പ്രേക്ഷകരുമായ  ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകളാണ് കോരിത്തരിച്ചത് ...!
പഴയ കാല ഇംഗ്ലണ്ടിന്റെ കാർഷിക-ഗ്രാമീണ സൌന്ദര്യം
മുഴുവൻ ഒപ്പിയെടുത്ത്  ആടുകളും , പശുക്കളും , പന്നികളും , കുതിരകളുമൊക്കെ അണിനിരന്ന തുടക്കം മുതൽ , നിമിഷങ്ങൾക്കുള്ളിൽ മാറി മാറി വരുന്ന
ബിലാത്തിയുടെ വ്യവസായിക വിപ്ലവ യുഗം തൊട്ട് , ഷേക്സ്പീറിയൻ യുഗമടക്കം , ആധുനിക ബ്രിട്ടന്റെ ഈ ‘ഇന്റെർ-നെറ്റ്‘ യുഗം വരെയുള്ള കാര്യങ്ങളൊക്കെ അതാതുകലത്തെ കലാ-കായിക-സംഗീത-കോമഡി പാശ്ചാത്തല സംഗതികളിലൂടെ പ്രണയവും, ജീവിതവും കൂട്ടിക്കലർത്തി അനേകം കലാകാരന്മാർ ഒത്തൊരുമിച്ച് ചുവടുവെക്കുമ്പോൾ ....
അതിനനുസരിച്ച് ചടുലമായി മാറിക്കൊണ്ടിരിക്കുന്ന രംഗസജ്ജീകരണങ്ങളാൽ കണ്ടുകൊണ്ടിരിക്കുന്നവരെ മുഴുവൻ വിസ്മയത്തിൽ ആറാടിച്ചുകൊണ്ടാണ് മൂന്നരമണിക്കൂർ നീണ്ടുനിന്ന ഈ പരിപാടിയുടെ ഓരോ എപ്പിസോഡുകളും മിന്നിമറഞ്ഞുകൊണ്ടിരുന്നത്...!

ഇതിനിടയിൽ 80,000 -ത്തോളം പേർ തിങ്ങി നിറഞ്ഞ ഒളിമ്പിക്
സ്റ്റേഡിയത്തിനുള്ളിൽ ഓരൊ തരം പരിപാടികൾക്കിടയിലും അതതിനനുസരിച്ച്
ഗ്രാമങ്ങളും , വ്യവസായ ശാലകളും / ചിമ്മിണികളും , കുട്ടികളുടെ ആശുപത്രിയും , ആധുനിക
ലണ്ടന്റെ റോഡ്/കെട്ടിട ചമുച്ചയങ്ങളും , ആകാശത്തുനിന്നിറങ്ങിവരുന്ന അനേകമനേകം ‘മേരി പോപ്പിൻസ‘ടക്കം അനേകം കലാകാരന്മാരുമൊക്കെ അവിടമാകെ അതിശയക്കാഴ്ച്ചകളുടെ വർണ്ണപകിട്ടിട്ട ഒരു കവിത രചിക്കുക തന്നെയായിരുന്നൂ ... !

 അവസാനം... ലോകത്തിലെ 204 രാജ്യങ്ങളിലെ ഈ മാമാങ്കത്തിന് പങ്കെടുക്കാനെത്തിയവരുടെ ഘോഷ യാത്രയും , 200 മൈൽ വേഗതയിൽ സ്പീഡ് ബോട്ടിൽ സിനിമാ സ്റ്റൈയിലിൽ /വീഡിയോ ) ഡേവിഡ് ബെക്കാം സ്റ്റേഡിയത്തിലെത്തിച്ച ഒളിമ്പിക് ദീപം , യുവതലമുറക്ക് കൈമാറി , അവർ ആയത് സ്റ്റേഡിയം വലം വെച്ച് ...
204 ദളങ്ങളുള്ള താമരപ്പൂപോലെയുണ്ടായിരിന്ന
ഒളിമ്പിക് വിളക്ക് കത്തിച്ചപ്പോൾ , ആയത് കൂമ്പിപ്പോയി ഒറ്റ ദീപമായി തീരുന്ന വർണ്ണക്കാഴ്ച്ച ...!

അങ്ങിനെ പറഞ്ഞാലും,പറഞ്ഞാലും തീരാത്ത അനേകമനേകം
മാന്ത്രിക കാഴ്ച്ചകളുടെ മനോഹാരിതകൾ നിറഞ്ഞ , മനതാരിൽ നിന്നും ഒരിക്കലും ഒളിമങ്ങാത്ത ഒരു ഒളിമ്പിക് ഓപ്പണിങ്ങ് സെർമണി  അവതരിപ്പിച്ച് ബ്രിട്ടൻ ആയതിലും കിരീടം നേടി ...!

ശരിക്ക് പറയുകയാണെങ്കിൽ ഇതെല്ലാം നേരിട്ടുകണ്ടുകൊണ്ടിരുന്ന
മുൻ നിരയിൽ അതിഥികളായി എത്തി ഇരുപ്പുറപ്പിച്ചിരുന്ന  2016 - ‘റിയോ’
ഒളിമ്പിക് സംഘാടക സമിതിയംഗങ്ങളായ ബ്രസീലുകാർക്കും , വരും കാല
ഒളിമ്പിക് ബിഡ് കാരായി തെരെഞ്ഞെടുത്ത ഈജിപ്തുകാരായ ‘ഇസ്റ്റാൻബുൾ’, ഫ്രെഞ്ചുകാരായ ‘മാഡ്രിഡ്, ജപ്പാങ്കാരായ ടോക്കിയോ’ മുതൽകമ്മറ്റിക്കാരുടെയെല്ലാം
വയറ്റിൽ നിന്നും കിളി പറന്നുപോയിട്ടുണ്ടാകണം... !
 “ഇതിലും നന്നായിട്ട് ഇനി ഉന്തുട്ടന്റെമ്മാ‍ാ...
നമ്മട്യൊക്കെ ഒളിമ്പിക്കോപ്പണിൺഗിന് കാണിക്ക്യാ‍ാന്നോർത്തിട്ടാണ് ..കേട്ടോ “

ഇത്തവണത്തെ ഓരൊ ഒളിമ്പിക് കായിക കേളികളും നടന്നത്
ഉന്നത സാങ്കേതിക-സൂഷ്മ -നിരീക്ഷണ പാടവങ്ങളോടെയുള്ള വേദികളിലായതിനാൽ ,വിധികളെല്ലം അത്രക്കും കണിശമായ കണക്കുകളാലായിരുന്നു...

ആദ്യമായിട്ടൊളിമ്പിക്സിൽ ഏർപ്പെടുത്തിയ 3-ഡി സമ്പ്രേഷണ
സവിധാനങ്ങളാലും ആയതിനാൽ കളികളുടെയെല്ലാം കാഴ്ച്ചകൾ
പ്രേക്ഷകർക്കൊക്കെ മൂന്നുതരത്തിൽ ആസ്വദിക്കാമായിരുന്നൂ...!

സാധാരണ ഗതിയിൽ 95 ശതമാനവും ആതിഥേയ രാജ്യങ്ങളിലെ
ആളുകൾ മാത്രം കാണികളാകുന്ന ഇത്തരം ലോക കായികമാമാങ്കങ്ങളെ ,
അപേക്ഷിച്ച് ഈ ഒളിമ്പിക്സിൽ 40 ശതമാനത്തോളം വിദേശക്കാരാണ് ഇവിടെ
ഈ പരിപാടികളെല്ലാം നേരിട്ട് കണ്ടാസ്വദിച്ചത്...!

എന്തുകൊണ്ടെന്നാൽ ലണ്ടനെന്നത് , ലോകത്തിലെ എല്ലാ
സ്ഥലങ്ങളിലേയും ജനവാസ സ്ഥലമായതിനാലും, ടൌൺ ബസ്സു പോലെ സകലമാനരാജ്യങ്ങളിലെ ഫ്ലൈറ്റുകളും വന്നും പോയിരിക്കുന്നയിടമായതുകൊണ്ട് നാനാരാജ്യങ്ങളിലെ ഏറ്റവും കൂടുതൽ ആളുകൾ നേരിട്ട് വന്ന് , കണ്ട് , അവരവരുടെ രാജ്യത്തെ  കായികതാരങ്ങൾക്കൊക്കെ വേണ്ടത്ര  പ്രോത്സാഹനം നൽകിയ ഒരു ഒളിമ്പിക്സും മുമ്പുട്ടായിട്ടില്ല പോലും..!

അതുപോലെ സുരക്ഷയുടെ കാര്യത്തിലും
ഇത്രചിലവ് വന്ന ഒരു ഒളിമ്പിക്സ് ഉണ്ടായിട്ടില്ലത്രേ...!

ബ്രിട്ടൻ നാവികപ്പടയുടെ യുദ്ധ-വീമാനവാഹിനി കപ്പലുകൾ
ഈ വേദികളുടെ സമീപ കടലുകളിലും, തേംസ് നദിയിലും നങ്കൂരമിട്ട്
ഇതിനെതിരെ ഏത് ഭീകരാക്രമണം വന്നാലും ചെറുത്തുതോൽ‌പ്പിക്കുവാൻ
വേണ്ടി , പീരങ്കികളുമായി വേദികളുടെ ചുറ്റും ഒളിച്ചിരുന്ന പട്ടാളത്തോടൊപ്പം ,
ജാഗ്രതയിൽ മാനത്തുവട്ടമിട്ട് റോന്ത് ചുറ്റിക്കൊണ്ടിരുന്ന എയർ ഫോഴ്സും , തോക്കേന്തി
ഏത് സമയവും വേദികളിൽ ചുറ്റിക്കൊണ്ടിരുന്ന പോലീസ്സും കൂടാതെ അനേകം സെക്യൂരിറ്റി കമ്പനികളിലെ ഗാർഡുകളും , മുട്ടിനുമുട്ടിനേയുള്ള ചാരന്മാരാലുമുള്ള ബൃഹത്തായ  ഒരു സെക്യൂരിറ്റി സവിധാനമാണ് ഇവിടെയുണ്ടായിരിന്നത് ...!
ഈ സെക്യൂരിറ്റി സവിധാനത്തിന്റെയൊക്കെ ലൂപ്പ് ഹോളായി
എല്ലാവരേയും പിന്നീറ്റ് ‘ഫൂളാക്കിയ’,  കായികതാര ഘോഷയാത്രയിൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം നുഴഞ്ഞുകയറിയ ബാഗ്ലൂർക്കാരി മധുരാമണി മാത്രം..
ആ സുന്ദരിപ്പെണ്ണിന്റെ അരവണ്ണവും , തലവണ്ണവും കണ്ട് ആദ്യമവളൊരു മനുഷ്യ ബോമ്പാണെന്ന്’തെറ്റി ധാരണ സെക്യൂരിറ്റി വിഭാഗത്തിനൊക്കെയുണ്ടായെന്നത് വാസ്തവമാണ് കേട്ടൊ.

സത്യം പറഞ്ഞാൽ മൂന്നാലുമാസമയി പലപ്പോഴാ‍യി ഓരൊ ഒളിമ്പിക്
വേദികളുടെ മുക്കിലും , മൂലയിലും  ചാരനും , ചാരത്തിയും കളിച്ച് കയറിയിറങ്ങിയിരുന്ന ഞങ്ങൾക്കാർക്കും തന്നെ , ഒളിമ്പിക്സ് തുടങ്ങിയതുമുതൽ , തുടർ ഡ്യൂട്ടികൾ ഉണ്ടായിട്ടും ഒരു
കായിക ലീലകളും മുഴുവനായും കാണുവാനുള്ള യോഗമുണ്ടായിട്ടില്ല ...!

അതിനൊക്കെ ഈ സമയങ്ങളിലൊക്കെ
ഒന്നിരിക്കാൻ നേരം കിട്ടിയിട്ട് വേണ്ടേ...!

അനേകം സാങ്കേതിക വിദഗ്ദ്ധരും ,
സിനിമാക്കാരും, സ്റ്റേജ് മാജിഷ്യൻസുമൊക്കൊ
ഉൾപ്പെട്ട ധാരാളമാളുകളുടെ തീവ്രപ്രയത്നത്തിന്റെ
കൂട്ടായ്മയുടെ ഫലമാണ് ഈ സെർമണി
ഇത്ര വിജയത്തിലെത്തിയത്...

രാവും,പകലും , വെയിലും, മഴയും, മഞ്ഞും വകവെക്കാത ഈ
പരിപാടികളുടെയൊക്കെ പല റിഹേഴ്സലുകൾ പല കുറിയുണ്ടായിട്ടും , ആയതൊന്നും ഒരു പാപ്പരാസികൾക്കും ,മാധ്യമങ്ങൾക്കുമൊന്നും ചോർന്നു പോകാതെയും, ശേഷം ഒളീമ്പിക് കായിക കേളികൾ നടന്നുകൊണ്ടിരിക്കുമ്പോൾ
സകലമാന സംഗതികൾക്കും സുരക്ഷയെകികൊണ്ട് , ഇതിലൊക്കെ പങ്കെടുത്ത ഏവർക്കും സഹായ-സഹകരണങ്ങൾ നൽകി 700000 വൊളന്റീയേഴ്സിനെ കൂടാതെ ,ഞങ്ങളെപ്പോലെയുള്ള പതിനായിരത്തോളം സുരക്ഷാ-കാവൽ ഭടന്മാരുമൊക്കെയാണ് ...
ഈ ലണ്ടനൊളിമ്പിക് ഉൽഘാടന മഹോത്സവവും ,മറ്റു കായിക
കേളികളും ഇത്രക്ക് ഉന്നതിയിലെത്താൻ മുഖ്യകാരണം...!

ഇവർക്കെല്ലം സ്വയം ഒരു നന്ദി ചൊല്ലിയാടികൊണ്ട്...
ലണ്ടൻ ടൊന്റി ട്വിവൽവിന്’ ഒരു ‘ബിഗ് ഹാറ്റ്സ് ഓഫ് ...!!‘


 ഭാഗം - 4

ഓർക്കാൻ ഇനി ഒളിമ്പിക് ഓർമ്മകൾ മാത്രം ...! 

ഒളിമ്പിക് പാർക്കിലും , CDM സ്റ്റേഡിയത്തിലും ആകാംഷയോടെ അണിനിരന്ന അനേകായിരം കാണികളെയും , ഇതെല്ലാം നേരിട്ട് ലൈവായി വീക്ഷിച്ചുകൊണ്ടിരുന്ന ലോകം മുഴവനുമുള്ള ലക്ഷ കണക്കിന് പ്രേഷകരേയും ഹർഷ പുളകിതരാക്കി കൊണ്ടുള്ള ‘ഒളിമ്പിക് ക്ലോസ്സിങ്ങ് സെർമണിക്ക് ശേഷം ‘ പാരാളിമ്പിക് ഓപ്പനിങ്ങ് സെർമണിക്ക് ‘ മുമ്പ് വീണുകിട്ടിയ രണ്ടാഴ്ച്ചയുള്ള , ഒരു ഇടവേള ഞങ്ങൾ ഒളിമ്പിക് ജോലിക്കാർക്കും, വൊളന്റീയേഴ്സിനും ശരിക്കും ആർമാദിക്കുവാൻ പറ്റിയ സുവർണ്ണാവസരങ്ങളായിരുന്നൂ...!
 ഡോക്ട്ടർമാരും, നേഴ്സുമാരും ,  എഞ്ചിനീയേഴ്സും, ഐ.ടിക്കാരും,
ഡ്രൈവേഴ്സും മാത്രമല്ല, എല്ലാ വിഭാഗങ്ങളിലും പെട്ട പല ദേശങ്ങളിലെ
വിവിധ ഭാഷകൾ സംസാരിക്കുന്ന നാനാതരം ആളുകളുടെ ഒരു കൂട്ടായ്മ
തന്നെയായിരുന്നു ഈ ലണ്ടൻ 2012 സംഘാടന സമിതിയംഗങ്ങളും,
വൊളന്റിയേഴ്സായി വന്ന സന്നദ്ധ പ്രവർത്തകരുമൊക്കെ...

എന്തിന് പറയാൻ ‘ഗേയ്സ്’അടക്കം അനേകം
 ‘കോൾ ഗേൾസ്’വരെ ഈ സന്നദ്ധപ്രവർത്തന രംഗത്തുണ്ടായിരുന്നു...!
ആർക്കും ഒന്നിനും ഒരു ക്ഷാമവും നേരിട്ടുകൂടല്ലോ ..അല്ലേ

ഈ ഒളിമ്പിക് വൊൾന്റിയേഴ്സ് ആയി വന്ന പലരാജ്യക്കാരും എന്റെ മിത്രങ്ങളായി മാറി, അതിൽ മൂനാലുലക്ഷം രൂപ മുടക്കി നമ്മുടെ നാട്ടിലെ കണ്ണൂരിൽനിന്നും വന്ന ഒരു കേന്ദ്ര ഗവ:ഉദ്യോഗസ്ഥനേയും , പിന്നെ എയർ ഹോസ്റ്റസ് പണി വിരമിച്ച ഒരു മലയാളി കണ്മണിയേയും എനിക്ക് കൂട്ടുകാരാക്കുവാൻ കഴിഞ്ഞു....! ?


ലോകത്തിന്റെ വിവിധഭാഗങ്ങളിൽ
നിന്നും ഇവിടെയെത്തിച്ചേർന്ന പല വൊളന്റീയേഴ്സിനും ഞങ്ങൾ നാട്ടുകാർ ആതിഥേയരായി മാറി.
ചിലരൊക്കെ ഈ അതിഥികളെയൊക്കെ കൊണ്ട് ലണ്ടൻ ഊരു കാണിക്കൽ,
ഒത്തൊരുമിച്ചുള്ള പാർട്ടികൾ, പരസ്പരം വിരോധമില്ലാത്ത ചില’ചുറ്റി’കളികൾ,... അങ്ങിനെയങ്ങിനെ സമ്മോഹനഭരിതമായ അതിസുന്ദര രാപ്പകലുകൾക്ക് ശേഷം വീണ്ടും വത്യസ്ഥമായ ആവർത്തനങ്ങളോടെ പാരാളിമ്പിക് ഓപ്പണിങ്ങ് ഓപ്പനിങ്ങ് സെർമണിയും, കായിക ലീലകളും, ആയതിന്റെയൊക്കെ പരിസമാപ്തിയും വളരെ വിപുലമായി കൊണ്ടാടി...

മലയാളിയുടെ സ്വന്തം പര്യായമായ
‘പാര ‘പോലെയൊന്നുമല്ല കേട്ടൊ ഈ പാരാളിമ്പിക്സ് പരിപാടികളും, അതിനോട് അനുബന്ധിച്ചുള്ള മറ്റു ലീലാ വിലാസങ്ങളും കേട്ടൊ കൂട്ടരേ..


യുദ്ധാനന്തരം അണുസ്പുരണത്തിൻ ആഘാതത്താൽ കൈ-കാൽ പാദങ്ങളില്ലതെ പിറന്നുവീണതിനാൽ ബാഗ്ദാദിന്റെ തെരുവുകളിൽ ഉപേഷിക്കപ്പെട്ട കുട്ടികളിൽ രണ്ടുപേർ, പിന്നീട്  ദത്തെടുത്ത ആസ്ത്രേലിയൻ ദമ്പതികളുടെ പരിചരണത്തോടേയും , പരിശീലനത്തോടേയും ഇപ്പോളീ ലണ്ടൻ പാരളിമ്പിക്സിൽ കായികകിരീടങ്ങൾ കരസ്ഥമാക്കുന്നത് കണ്ട് ലോക ജനത ഞെട്ടിത്തെറിക്കുന്നത് നമ്മൾ കണ്ടുവല്ലോ..

സ്വന്തം രാജ്യത്തിനുവേണ്ടി പോലുമല്ലാതെ വെറും കൂലിപട്ടാളമായി പോയിട്ടും മറ്റും, നിരപരാധികളായിട്ടുപോലും പല ഭീകരാക്രമണ താണ്ഡവത്തിൽ അകപ്പെട്ടും , പിന്നെ  രാഷ്ട്രീയ പകപോക്കലുകളാലും , റോഡപകടങ്ങളാലുമൊക്കെ വികലാംഗരായവർതൊട്ട് , കീടനാശിനികളുടെ അതിപ്രസരണത്താൽ, മാതാപിതാക്കളുടെ വശപിശകുകളാൽ , മറ്റു മലിനീകര പ്രശ്നങ്ങളാൽ വരെ ....ജന്മംകൊണ്ട് വികലാംഗരാകുന്നവർ വരെയുള്ളവരുടെ , സ്വന്തം പോരായ്മകൾ മറന്ന് ,കഠിന പ്രയത്നം  ചെയ്ത് ഈ വേദികളിൽ നേടിയെടുത്ത ഓരോ മെഡലുകൾക്കും ഒരു സാധാ കായിക താരം നേടിയതിനേക്കാൾ നൂറിരട്ടി  മാറ്റു കൂടും..!

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും പാരളിമ്പിക്സിൽ
പങ്കെടുക്കാനെത്തിയ ഓരൊ കായികതാരങ്ങൾക്കുമുണ്ട് സ്വന്തമായ
കദനത്തിൽ മുക്കിയെടുത്ത ,സങ്കടത്തിൽ നനഞ്ഞൊലിച്ച അനേകം ദയനീയ കഥകൾ...!

എല്ലാം തികഞ്ഞുവെന്ന് നെകളിച്ച് നിൽക്കുന്ന നാം
ഓരോരുത്തരും ഇവരുടെയൊക്കെ മുമ്പിൽ എത്രയെത്ര ചെറുതാണ് ..അല്ലേ.
യഥാർത്ഥത്തിൽ ഇവരാണ് വീരന്മാർ ..വീരഥിവീരചരിതങ്ങൾ സ്വന്തം പേരിൽ കുറിച്ചിട്ടവർ... !

ഇവിടെ ലണ്ടനിൽ
വന്നനാൾ മുതൽ കാണാത്തതും കേൾക്കാത്തതുമായ ഒരുപാട് കാര്യങ്ങൾ നേരിട്ടനുഭവിച്ച നിര്‍വൃതികൾക്ക് ശേഷമിതാ നാലഞ്ച് കൊല്ലമായി ഞങ്ങളൊക്കെ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്ന ഒളിമ്പിക്സിന്റെ എല്ലാ വർണ്ണക്കാഴ്ച്ചകളും സമാഗതമായിട്ട് ഇവിടെ  സമാപിക്കുവാൻ പോകുകയാണ്...
അവസാനമിതാ പാരളിമ്പിക്സും അതിൽ പങ്കെടുക്കുന്ന ലോകത്തിലെ വീര വീര നായകന്മാരായ കായികതാരങ്ങളും മാറ്റുരക്കുന്ന കായികമാമാങ്കത്തിന്റെ കലാശ കളികളും, ഇതിന്റെ ക്ലോസ്സിങ്ങ് സെർമണികളും കഴിഞ്ഞാൽ എല്ലാത്തിലും തിരശ്ശീല വീഴുകയാണ്...

പിന്നെ ഈ ചാരപണികളുടേയും  , ചുറ്റികളികളുടേയും ഇടക്കെല്ലാം  മൂന്നാലുതവണ ഞാൻ എന്റെ സ്വന്തം കുടുംബവുമായി ചില ഇവന്റുകൾ കാണാനും, മറ്റു പല ഒളിമ്പിക് രസങ്ങൾ ആസ്വദിക്കാനും പോയി കേട്ടൊ .
അപ്പോൾ എനിക്കും സന്തോഷം ഒപ്പം അവർക്കും അതിയായ ആഹ്ലാദം ..!
                     
അനേകായിരം പേർ ആഹോരാത്രം അഞ്ചെട്ടുമാസമായി മഞ്ഞും മഴയും വെയിലും വകവെക്കാതെ രാപ്പകൽ പിന്നണിയിലും മുന്നണിയിലും അണിനിരന്ന് വമ്പിച്ച വിജയമാക്കിയ ഒരു ലോകോത്തര ഉത്സവമേളം തന്നെയായിരുന്നു ഇക്കഴിഞ്ഞുപോയ ലണ്ടൻ ഒളിമ്പിക്സും , പാരാളിമ്പിക്സും,അതിനോടൊക്കെയനുബന്ധിച്ചുണ്ടായ സകലമാന സംഗതികളും മറ്റും ...!

ഇപ്പോളിതാ ഈ പാരളിമ്പിക്സിന്റെ ‘ക്ലോസ്സിങ്ങ് സെർമണി‘യോടുകൂടി
അരങ്ങും ആളും ഒഴിഞ്ഞ വേദികളിൽ നിൽക്കുമ്പോൾ ഇതിന്റെയൊക്കെ
ഒട്ടുമിക്ക ഘട്ടങ്ങളിലും ആരംഭം മുതൽ അവസാനം വരെ എല്ലാം കണ്ടും കേട്ടും
അതിയായ അത്ഭുതത്തോടെ അതിലും വലിയ ആമോദത്തോടെ ഇതിരൊരാളായി
പങ്കെടുത്ത ആളെന്ന നിലയിൽ എന്തോ വല്ലാത്ത നഷ്ട്ടബോധം തോന്നുകയാണെനിക്ക് ...!
 എന്നാലും,  ദി ബെസ്റ്റ് (ഈ ഒളിമ്പിക്സിലെ 
ചില ബെസ്റ്റ് വീഡിയോ ക്ലിപ്പുകൾ ) എന്ന് വിശേഷിപ്പിക്കപ്പെട്ട ‘2012 ലണ്ടൻ ഒളിമ്പിക്സിന് ശേഷം , ഞങ്ങൾ ലണ്ടൻ നിവാസികൾക്ക് ഇനി ഈ ഒളിമ്പിക് പാർക്കും ,സ്റ്റേഡിയവും നിലനിൽകുന്നകാലത്തോളം കാലം ,  ഇവിടെ ഇനി അരങ്ങേറാൻ പോകുന്ന പരിപാടികളുടെ ഒരു ഘോഷയാത്ര തന്നെ വരിവരിയായി കാത്തിരിക്കുകയാണ്.
അതുകൊണ്ട് ഇനിയും എഴുതുവാനുള്ളവയാകും ധാരാളം വരാൻ പോകുന്നത് അല്ലേ...
‘പിടിച്ചേനേക്കാൾ വലുത്  അളേലെന്ന് പറയില്ലേ ‘...        അതെന്നെയിത്..!

തുടക്കം മുതൽ ഈ കായികമാമാങ്കങ്ങളുടെ അകത്തട്ടിൽ നിന്നും,
മറ്റുവേദികളിൽ നിന്നുമൊക്കെ എനിക്ക് അനുഭപ്പെട്ട ആഹ്ലാദങ്ങളും,
 കൌതുകങ്ങളും, വിഷമങ്ങളുമൊക്കെ ആവിഷ്കരിക്കണമെങ്കിൽ ഒരു
പാടൊരുപാട് എഴുതി കൂട്ടേണ്ടിവരും... ആയതൊക്കെ സുഖമമായ ഒരു വായനക്ക് ബുദ്ധിമുട്ടുളവാക്കുമെന്ന് മാത്രമല്ല കേട്ടൊ കാരണം...
എന്റെ  സമയവും സന്ദർഭവും ഒട്ടും അനുവദനീയമല്ലാത്തതിനാൽ
തൽക്കാലം ഈ ഒളിമ്പിക് ഓർമ്മകുറിപ്പുകൾ ഈ നാലം അദ്ധ്യാത്തോടുകൂടി
ഞാൻ തൽക്കാലം അവസാനിപ്പിക്കുകയാണ് കേട്ടൊ കൂട്ടരേ.

ഇതുവരെ
കൂടെവന്നവർക്കും ഇനി
വരാൻ പോകുന്നവർക്കും
ഒരു നല്ല നമസ്കാരം ...!
ഏവർക്കും ഒരുപാടൊരുപാട് നന്ദി ...! !


1 അഭിപ്രായം:

joshy pulikkootil പറഞ്ഞു...

ഞാന്‍ തന്നെ തേങ്ങ ഉടച്ചേക്കാം.. അടിപൊളി .........