2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

സ്വാതിവേദം / മുരുകേഷ് പനയറയുടെ വിലയിരുത്തൽ




ഇൻഫോ മലയാളി / 2013-10-13 / മുരുകേഷ് പനയറ

സ്വാതിവേദം


സ്വാതിവേദം
പ്രവാസജീവിതത്തിന്റെ സമസ്യകളെ ഗൗരവമായി നേരിടാന്‍ തുടങ്ങുമ്പോഴാണ് ശരാശരി മലയാളി തനതു വേരുകളെ കുറിച്ചും സ്വന്തം ഭാഷയുടെ പുണ്യത്തെ കുറിച്ചും കേവലം ഇന്ദ്രിയ ജന്യമായ വികാരാരവങ്ങള്‍ മാത്രം ഉണര്‍ത്തി നൊടിയില്‍ മറയുന്ന കലാ രൂപങ്ങളെ കുറിച്ച് മാത്രമല്ലാതെ കേരളീയ സാംസ്‌കാരിക പൈതൃകം ഇന്ദ്രിയ സംവേദനത്തിലൂടെ മനസ്സിലേക്കും ബുദ്ധിയിലെക്കും തുടര്‍ന്ന് പിന്തിരിയാന്‍ അരുതാത്ത ഉള്‍വിളിയോടെ ആത്മാവിലേക്കും സംക്രമിപ്പിക്കുന്ന ഉല്‍ക്കൃഷ്ട കലാ രൂപങ്ങളെ കുറിച്ചും നീതി പൂര്‍വ്വമായി ചിന്തിച്ചു തുടങ്ങുന്നത്. ഈ ചിന്ത അവനെ ഇത്തരം കലാ പ്രവര്‍ത്തനങ്ങളില്‍ ശക്തമായി ഇടപെടാന്‍ പ്രേരിപ്പിക്കുന്നു. പ്രവാസത്തിന്റെ ഭൂമിശസ്ത്ര പ്രത്യേകതകള്‍ കൊണ്ട് ഈ ഇടപെടലുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ തരത്തിലാണ് സംജാതമാവുക. ഉദാഹരണമായി ഗള്‍ഫ് നാടുകളിലുള്ള മലയാളികള്‍ക്ക് , കേരളത്തിനോടുള്ള സാമീപ്യം കൊണ്ടും എമിഗ്രേഷന്‍ നടപടികളിലെ ലഘുവായ നടപടിക്രമങ്ങള്‍ കൊണ്ടും നാട്ടില്‍ നിന്നുള്ള കലാകാരന്മാരെ ഇടയ്ക്കിടയ്ക്ക് കൊണ്ടുവന്നു നാനാതരത്തിലുള്ള ക്രിയാത്മക ഇടപെടലുകള്‍ നടത്തിപ്പോരാന്‍ കഴിയുന്നുണ്ട്. യൂറോപ്പും അമേരിക്കയും പോലെയുള്ള ഇടങ്ങളില്‍ അത് അത്രകണ്ട് എളുപ്പമല്ല എന്ന് നമുക്കറിയാം. അങ്ങനെ വരുമ്പോള്‍ കേരളീയതനിമ തുളുമ്പുന്ന , സംസ്‌കാര രേണുക്കള്‍ പേറുന്ന കലാ സൃഷ്ട്ടികള്‍ മെനഞ്ഞെടുക്കുവാന്‍ യു കെ യില്‍ ഉള്ളവര്‍ നേരിടുന്ന വെല്ലുവിളി വളരെ വലുതാണ്. അതിനെ മറികടന്നുകൊണ്ട് അങ്ങനെ ഒരു നിര്‍മ്മാണം നിര്‍വ്വഹിക്കണമെന്ന തീരുമാനമെടുക്കാന്‍ തന്നെ അസാമാന്യ ചങ്കുറപ്പ് വേണം. അത് തുടങ്ങുവാന്‍ അനിതര സാധാരണമായ കര്‍ത്തവ്യ ബോധവും ദിശാസൂചകവും മനസ്സില്‍ അക്ഷയമായി നിലനില്ക്കണം. ഒരു കൂട്ടം കലാകാരന്മാരെ നിരന്തര പരിശീലത്തിലൂടെ അരങ്ങില്‍ അവതരണ സജ്ജമാക്കുന്നതിന് കലവറയില്ലാത്ത നിര്‍വ്വഹണ പാടവവും അര്‍പ്പണബുദ്ധിയും ഉണ്ടാകണം. അതില്‍ വെള്ളക്കാരായ കലാകാരന്മാരെ കൂടി കല്ലുകടിക്കിടയില്ലാതെ കണ്ണി ചേര്‍ക്കാന്‍ യഥാര്‍ത്ഥ കല , ദേശ കാല ഭാഷാതീതാമാണെന്നുള്ള ബോധവും ആത്മവിശ്വാസവും ഉണ്ടാകണം. ഇതെല്ലാം ഒരുമിച്ചു ചേര്‍ന്നപ്പോള്‍ ഉണ്ടായ മഹത് സൃഷ്ട്ടി തന്നെയാണ് '' സ്വാതിവേദം '' എന്ന പേരില്‍ ശ്രീ മനോജ് ശിവ എഴുതി സംവിധാനം ചെയ്ത് രംഗത്ത് അവതരിപ്പിച്ച നാടകം.

എം എ യു കെ യുടെ 2013 ലെ ഓണാഘോഷങ്ങളുടെ ഭാഗമായിട്ടാണ് അവരുടെ നാടക വിഭാഗമായ ദൃശ്യകല ഈ നാടകം രംഗത്ത് കൊണ്ടുവന്നത്. നാടകം ആദ്യാന്തം കാണുവാനുള്ള അവസരം ഒരുക്കിതന്നത് ഒരു സൗഭാഗ്യമായി തന്നെ തോന്നി . സ്വാതി തിരുനാള്‍ രാമ വര്‍മ്മ മഹാരാജാവിന്റെ ജീവിതത്തെ ഒരു കലാകാരന്റെ വീക്ഷണ കോണിലൂടെ നോക്കിക്കാണുകയാണ് മനോജ് ഈ നാടകത്തില്‍. 1813 ഏപ്രില്‍ 16 മുതല്‍ 1846 ഡിസംബര്‍ 27 വരെ മാത്രം നീണ്ട മഹാരാജാവിന്റെ ഹ്രസ്വമായ ജീവിതത്തില്‍, ഭരണാധികാരിയും കലാകാരനും സൗന്ദര്യാരാധകനുമായ അദ്ദേഹം സ്വന്തം വ്യക്തിത്വത്തില ബഹുമുഖങ്ങള്‍ക്കിടയില്‍ പെട്ട് അനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങള്‍ വൈകാരിക തീവ്രത നഷ്ടം സംഭവിക്കാതെയും തത്സമയം സംഗീത സമൃദ്ധമായും രചിച്ചെടുക്കാനും അത് തന്റെ അഭിനേതാക്കളിലേക്ക് ദര്‍ശന മേന്മ ചോരാതെ സംവിധാന മികവിലൂടെ പകര്‍ന്നെടുത്ത് രംഗ ചലനങ്ങളിലും സംഭാഷണ ഗതികളിലും മിതത്വവും ഒപ്പം ഗാംഭീര്യവും ഒരുമിപ്പിച്ചുകൊണ്ട് അവതരണം പ്രശംസനീയമാം വണ്ണം ചേതോഹരമാക്കാനും മനോജിലെ ബഹുമുഖ കലാകാരന് കഴിഞ്ഞു എന്ന് അനുസ്മരിക്കുന്നതില്‍ അതിയായ ചാരിദാര്‍ത്ഥ്യമുണ്ട്. അത് മാത്രമല്ല കേന്ദ്ര കഥാപാത്രമായ സ്വാതിതിരുനാളിനെ മനോജ് ശിവ തന്നെ രംഗത്ത് അവതരിപ്പിക്കുകയും ചെയ്തു.

ഭരണാധികാരി എന്ന നിലക്ക് പൊതുജീവിതത്തിലും കലാകാരനും സൗന്ദര്യാരാധകനും എന്ന നിലക്ക് സ്വകാര്യ ജീവിതത്തിലും സ്വാതിക്ക് നേരിടേണ്ടി വന്ന വിഷമ ഘട്ടങ്ങളെ വേറിട്ട ഒരു വീക്ഷണ കോണിലൂടെ ദര്‍ശിക്കുകയാണ് നാടകത്തില്‍. കലാ സപര്യയും സാഹിത്യ സൃഷ്ടിയും കൊണ്ട് തന്റെ ആത്മീയ ജീവിതത്തിന്റെ പരിപൂര്‍ണ്ണത നേടുന്ന സ്വാതിതിരുനാള്‍ ലൗകീക ജീവിതത്തെ അതുമായി താദാത്മ്യം പ്രപിപ്പിച്ചു മുന്നേറി വിജയിക്കുന്നത് കാണാം. വിജയം ഭാരണാധികരിയുടെതാണോ കലാകാരന്റേതാണോ എന്ന യുക്തി അധിഷ്ടിതമായ ചോദ്യത്തിന് പ്രസക്തിയില്ല എന്ന് ഉച്ചരിക്കാത്ത വാക്കുകള്‍ കൊണ്ട് നാടകം ഉദ്‌ഘോഷിക്കുന്നു എന്നതാണ് സത്യം. കല കലക്കുവേണ്ടി എന്ന വസ്തുത അവിടെ ആവര്‍ത്തിച്ച് ഉറപ്പിക്കപ്പെടുന്നു. ഒപ്പം കല ജീവിതവും ജീവിതം കലയും ആയി അനുസ്യൂതം അവതാര ഭേദം നേടുന്ന അര്‍ത്ഥ വ്യാപ്തിയും കാണാം. കലാകാരന്‍ എന്തുകൊണ്ട് , എങ്ങനെ ഏതു ലക്ഷ്യപ്രാപ്തിക്കു വേണ്ടിയാണ് ബഹുഭൂരിപക്ഷം വരുന്ന പൊതുജനങ്ങളില്‍ നിന്ന് , തനതു ചിന്തയും കാഴ്ചപ്പാടും കൊണ്ട് വ്യത്യസ്ഥനായി നില്‍ക്കുന്നത് എന്നുള്ള വിശദീകരണം കൂടിയാകുന്നു ഈ നാടകം.

അവതരണത്തിനായി മനോജ് സ്വീകരിച്ച തന്ത്രം നമ്മുടെ പൈതൃക സമ്പത്തായി കിട്ടിയ കാളിദാസ നാടക സങ്കേതവും ഷേക്‌സ്പീരിയന്‍ നാടക രീതികളുടെ ചില ഘടകങ്ങളും ചേര്‍ന്ന ഒരു സംയുക്ത രൂപമാണ്. നാടകാരംഭത്തില്‍ ' നാന്ദി' യുടെ അവസാനത്തില്‍ സൂത്രധാരന്‍ എത്തി കാണികളിലേക്ക് കഥയെ സംക്രമിപ്പിക്കുന്ന രീതിയുണ്ട്. മനോജ് തന്റെ നാടകം സൂത്രധാരനില്‍ നിന്ന് തന്നെ തുടങ്ങി. സൂത്രധാരന്‍ നാടകത്തിലുടനീളം കാണികളുടെ ചിന്തയെ സ്വാധീനിച്ചുകൊണ്ടും നാടക വിഷയത്തിന്റെ ഭാരവത്വവും ഗൗരവവും കൊണ്ട് ഉണ്ടാകാന്‍ ഇടയുണ്ടായിരുന്ന വിരസതയെ ഇല്ലാതാക്കിക്കൊണ്ടും ആദ്യന്തം നിറഞ്ഞു നിന്നു . ഒരു ഘട്ടത്തില്‍ കാണികള്‍ക്ക് ഇടയിലേക്ക് ഇറങ്ങി വന്ന അയാള്‍ ആസ്വാദനം അയത്‌നലളിതമാക്കാന്‍ ഉപകരിച്ചു. സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തതില്‍ നിന്നുളവായ ചില കുറവുകള്‍ പരിഹരിച്ച് നാടകം ഒഴുക്ക് നിലക്കാതെ മുന്നേറുന്നതിന് സൂത്രധാരനായി വന്ന കലാകാരന്‍ തന്റെ മനോധര്‍മ്മം ഉപയോഗിച്ച് നടത്തിയ പൊടിക്കൈകള്‍ മികവുറ്റതായി അനുഭവപ്പെട്ടു.

ഒരു എഴുത്തുകാരന്‍ എന്ന നിലക്ക് ശ്രീ മനോജ് ശിവ തന്റെ വിഷയ സ്വീകരണത്തിലും സ്വതസിദ്ധമായ വിഷയ വ്യാഖ്യാന പാടവത്തിലും ഉയര്‍ന്ന ചിന്ത കാണിച്ചിരിക്കുന്നത് മനസ്സിലാക്കാം. മഹാബലിക്ക് വാമനന്‍ എന്നപോലെ സ്വാതിതിരുനാളിന് ശ്രീ പത്മനാഭാന്‍ എന്ന ചിന്ത അവതരിപ്പികുകയാണ് നാടകത്തില്‍. ഓണാഘോഷത്തോട് അനുബന്ധിച്ച് അവതരിപ്പിക്കേണ്ട നാടകം ആയതുകൊണ്ട് ഓണവുമായി ബന്ധമുള്ള മിത്ത് നാടകത്തില്‍ ബന്ധിപ്പിക്കാന്‍ ഉള്ള ശ്രമമായി തോന്നി ഇത്. അതിരറ്റ ഭക്തിയാല്‍ '' മഹാബലി '' തമ്പുരാന്‍ തന്റെ സര്‍വ്വസ്വവും താന്‍ എന്ന ശരീരത്തെയും അതില്‍ തങ്ങിയിരുന്ന ആത്മാവിനെയും '' വാമനന്‍'' എന്ന വിഷ്ണു അവതാരത്തിന് മുമ്പില്‍ സമര്‍പ്പിച്ചത് ലോക നന്മയും ലോക വാസികളായ ജനങ്ങളുടെ ഉന്നമനവും ലക്ഷ്യം വച്ചുകൊണ്ടാണ്. ആ അര്‍ത്ഥത്തില്‍ നന്മ മാത്രം ആഗ്രഹിച്ച ഒരു ബലി ആയിരുന്നു അത്. ഇവിടെ ബലി എന്ന പദം അര്‍ത്ഥമാക്കുന്നത് ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണം തന്നെ. ബലി ദാതാവും ബലി വസ്തുവും ഒന്നുതന്നെയാകുന്ന മഹത്വം. തിരുവിതാം കൂറിനും അവിടത്തെ ജങ്ങള്‍ക്കും കലക്കും വേണ്ടി സ്വജീവിതം സ്വാതിതിരുനാള്‍ ശ്രീ പത്മനാഭന്റെ മുമ്പില്‍ ബലി ആയി സമര്‍പ്പിക്കുന്ന രംഗമാണ് നാടക പര്യവസാനത്തില്‍ കാണുന്നത്. ഈ ആശയം കൊണ്ടുവരുന്നതിലൂടെ മഹാബലി എന്ന മിത്തിനു സമാനം ആയി ജീവിച്ചു മരിച്ച വ്യക്തിയാണ് സ്വാതിതിരുനാള്‍ എന്ന് സ്ഥാപിച്ചെടുക്കാന്‍ മനോജ് നടത്തുന്ന ശ്രമം ഒരു കലാകാരന്റെ നൂതന വ്യാഖ്യാനമായി അന്ഗീകരിക്കപ്പെടണം . തിരുവിതാംകൂര്‍ മഹാരാജ്യം 1750 ജനുവരി 3 നു മാര്‍ത്താണ്ടവര്‍മ്മ മഹാരാജാവ് ശ്രീ പത്മനാഭന് സമര്‍പ്പിച്ചതും അന്നുമുതല്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ എല്ലാപേരും പത്മനാഭദാസന്മാര്‍ ആയതും ചരിത്രമാണ്. അങ്ങനെ വരുമ്പോള്‍ സ്വാതിതിരുനാള്‍ സ്വകുലത്തിനാല്‍ ജനനത്തിനു മുമ്പേ പത്മനാഭന് സമര്‍പ്പണം ചെയ്യപ്പെട്ട ആളാണ്. ഇ സത്യം നമുക്കറിയാം എങ്കിലും 'ബലി ' മിത്തുമായി ആ കലാകാരനെ കൂട്ടിയിണക്കാനുള്ള ശ്രമം ധൈര്യ പൂര്‍വ്വമായ ഒരു ചുവടായി കാണണം. അത് കലയുടെയും കലാകാരന്റെയും ആത്മ വിളംബരമാണ്. അതിനെ വ്യഖ്യാനിച്ച് മനസ്സില്‍ ഉറപ്പിക്കുമ്പോള്‍ സ്വന്തം വര്‍ണ്ണ ഭേദങ്ങള്‍ കൊടുക്കാന്‍ ആസ്വാദകനുള്ള സ്വാതന്ത്ര്യം നിലനില്ക്കുന്നു എന്നുള്ള വസ്തുതയും മറന്നുകൂടാ.

നേരത്തെ സൂചിപ്പിച്ച പോലെ പ്രവാസത്തിന്റെ വറുതിയും സംസ്‌കാര മിശ്രണത്തിന്റെ പൊടിക്കാറ്റും കൊണ്ട് വലയുന്ന ശരാശരി യു കെ മലയാളികള്‍ക്ക് ഉപരിപ്ലവമായ വികാര വകഭേദങ്ങളും ചിരിയും മാത്രം ഉണര്‍ത്തി പോകുന്ന കലാ രൂപങ്ങളും ക്ലാസ്സിക് സിനിമാറ്റിക് നൃത്തങ്ങളും മാത്രം സ്വീകരിച്ചു പോരുന്ന ഒരു ശീലമുണ്ട്. ആ സംവേദനക്ഷമതക്കു ചേര്‍ന്നവണ്ണം മനോ വാതായനങ്ങളുടെ വലിപ്പം ക്രമീകരിച്ചവരാണ് ഏറെ പേരും. ഇത് ഒരു സമൂഹം എന്ന നിലക്ക് അവരുടെ തെറ്റല്ല. നേരെ മറിച്ച് ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ക്കനുസരിച്ച് ജീവിത താളങ്ങള്‍ ക്രമീകരിച്ചു പോകുന്ന ഉപഭോഗ സംസ്‌കൃതിയുടെ സ്വാഭാവിക പ്രതികരണമാണ്. അങ്ങനെയുള്ള ഒരു ജനതതിയിലേക്ക് മനോജ് തെരഞ്ഞെടുത്ത വിഷയം പരമാവധി ആത്മാര്‍ഥതയോടെയും അര്‍പ്പണബോധത്തോടെയും കഠിനാധ്വാനം ചെയ്ത്, പരിമിതമായ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിനുള്ളില്‍ നിന്നുകൊണ്ടുപോലും പാളിച്ചകളില്ലാതെ അവതരിപ്പിച്ചു എങ്കിലും അത് പൊതുജന പക്ഷത്തെ ഭൂരിഭാഗം അംഗങ്ങളും നെഞ്ചേറ്റി സ്വീകരിക്കുന്ന , കര്‍ത്താവിനെ അഭിനന്ദിക്കുന്ന , വിജയ സൂചനകളുടെ അലകള്‍ ജനിപ്പിച്ചുവോ എന്ന് ലേഖകന് സംശയമുണ്ട്. അത് പക്ഷെ സൃഷ്ടിയുടെ കുറവോ കാണികളുടെ പോരായ്മയോ അല്ല. അലോപ്പതി ഗുളിക വിഴുങ്ങി വേദനയുളവാക്കുന്ന രോഗലക്ഷണങ്ങളില്‍ നിന്ന് നിരന്തരം ആശ്വാസം നേടിപ്പോരുന്ന ആതുര വൃന്ദത്തിന് അടിസ്ഥാന കാരണം ചികിത്സിക്കുന്ന ആയുര്‍വേദ മരുന്ന് ഉളവാക്കുന്ന കമര്‍പ്പ് മാത്രമാണ്. ആത്മാവിനെ സ്പര്‍ശിക്കുന്ന ആ സുഖ ശീതളിമ തിരിച്ചറിയപ്പെടുക തന്നെ ചെയ്യും. അതിനു നിമിത്തമാകാന്‍ നമുക്കൊക്കെ ബാധ്യതയുണ്ട്.

മുന്‍കൂട്ടി ശബ്ദ ലേഖനം ചെയ്തുവച്ച സംഭാഷണ ശകലങ്ങള്‍ ഉപയോഗിക്കാതെ എല്ലാ നടീ നടന്മാരും രംഗത്ത് അവരവരുടെ സംഭാഷണങ്ങള്‍ തത്സമയം സംസാരിച്ച് അഭിനയിച്ചു എന്നത് തിരക്കിട്ട ഇവിടത്തെ ജീവിത വ്യാപാരത്തിലും അവര്‍ കലക്ക് വേണ്ടി കാട്ടുന്ന ആത്മ സമര്‍പ്പണം എത്രമാത്രം വലുതാണ് എന്ന് തെളിയിക്കുന്നു. വെള്ളക്കാരായ കഥാപാത്രങ്ങളെ വെള്ളക്കാരായ അഭിനേതാക്കളെ കൊണ്ടുതന്നെ അവതരിപ്പിക്കാന്‍ ആയതു ഏറെ മഹത്തരമാണ്. അതിനു വേണ്ടി വന്ന പിനാമ്പുറ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം പ്രയാസകരമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. നാടകത്തിനു വേണ്ടി മീര രചിച്ച ഗാനങ്ങള്‍ കഥയോടും വിഷയത്തോടും നീതി പുലര്‍ത്തുന്നത് തന്നെ ആയി.

മഞ്ജു മന്ദിരത്തില്‍ , വിമല പെരേര , പ്രീന പിള്ള , മുജീബ്, സന്തോഷ് നായര്‍ , ഫ്രാന്‍സിസ്,ബാലു പിള്ള, ഒലിവര്‍ , ജെറാള്‍ഡിന്‍ , നിഹാസ്,തോമസ്,അഖില്‍ ദേവ്,ടിജിണ്‍ ജോര്‍ജ് , മുരളീ മുകുന്ദന്‍ , രെന്ജിനി , അമ്മു, നിമിഷ, ജയലെക്ഷ്മി, ശ്രീധന്യ , സൗമ്യ ഷിജു, ഗീത ലക്ഷ്മി പിള്ള, സിസിലി ജോര്‍ജ് , ബീന പുഷ്‌കാസ് , ആയിഷ എന്നിവര്‍ക്കൊപ്പം കുട്ടികളായ സിദ്ധാര്‍ത് നായര്‍ , മാലിനി ,അശ്വിനി, വിശ്വ ജിത്ത് , അര്‍മാന്‍ , സന, സ്വരൂപ് മേനോന്‍ , തീര്‍ഥ ബൈജു എന്നിവരും രംഗത്ത് ഉണ്ടായിരുന്നു. ശബ്ദ നിയന്ത്രണം ഹബീബ് റഹ്മാനും , പ്രകാശ നിയന്ത്രണം ബൈജു സാനും , അരങ്ങില്‍ വേണ്ട സഹായവും ചമയവും സുപ്രഭ പി നായരും നിര്‍വ്വഹിച്ചു . കല , വേഷങ്ങള്‍, ഗാന രചന ഇംഗ്ലീഷ് പരിഭാഷ എന്നിവ പാര്‍വതീപുരം മീര നിര്‍വ്വഹിച്ചു . സംഗീത സംവിധാനം നടത്തിയത് ആല്‍ബര്‍ട്ട് വിജയനാണ്. ഈ കലാകാരന്മാര്‍ എല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു .

കൂടുതല്‍ മികവുറ്റ സൃഷ്ട്ടികള്‍ രംഗത്ത് കൊണ്ടുവരാന്‍ ഇവര്‍ക്ക് കഴിയട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.

   

അഭിപ്രായങ്ങളൊന്നുമില്ല: